കള്ളക്കടത്ത് നടക്കുന്നുണ്ട്, അപൂര്‍വ ധാതുക്കള്‍ നഷ്ടമാകുന്നതായി ചൈന; റെയര്‍ എര്‍ത്ത് ഉപയോഗിച്ചുള്ള ചൈനീസ് തന്ത്രങ്ങൾ
തന്ത്രപ്രധാനമായ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ വിദേശ ചാര ഏജന്‍സികള്‍ കടത്തിക്കൊണ്ടുപോവുകയാണെന്ന ആരോപണവുമായി ചൈനയുടെ സുരക്ഷാ മന്ത്രാലയം. അമേരിക്കയുമായി അടുത്തിടെ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ നിര്‍ണായക വ്യവസായ വിഭവങ്ങളുടെ കയറ്റുമതി അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ചൈന സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു രാജ്യത്തെയും പേരെടുത്തു പറയാതെയാണ് ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വെള്ളിയാഴ്ച വീചാറ്റില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍, വിദേശ ചാര-ഇന്റലിജന്‍സ് ഏജന്‍സികളും അവരുടെ ഏജന്റുമാരും രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകളുമായി ചേര്‍ന്ന് തപാല്‍ മാര്‍ഗ്ഗം വഴി അപൂര്‍വ ഭൗമ മൂലകങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു രാജ്യം നിയമവിരുദ്ധമായി ഇത് സ്വന്തമാക്കാന...










