തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം മദ്യഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡുകൾ പരസ്യം ചെയ്ത് വിൽക്കാൻ പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാൻ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഒരുങ്ങുന്നു. ബ്രാൻഡ് ഒന്നിന് 5000 രൂപ വീതം ഈടാക്കി മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് കൗണ്ടറുകൾ അനുവദിക്കാൻ താൽപര്യപത്രം ക്ഷണിച്ചത്.

ഈ സൗകര്യം ലഭിക്കുന്നതോടെ സർക്കാർ സ്ഥാപനത്തിനുള്ളിൽ തന്നെ സ്വകാര്യ കമ്പനികൾക്ക് സ്വന്തം ബ്രാൻഡ് മദ്യം പ്രദർശിപ്പിച്ച് വിൽക്കാൻ കഴിയും. ആദ്യഘട്ടത്തിൽ കൊല്ലം, കുണ്ടറ, തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കൗണ്ടറുകൾക്ക് നാമമാത്ര വാടക മാത്രം ഈടാക്കുന്നതിനെതിരെ ജീവനക്കാരിൽ പ്രതിഷേധമുണ്ട്. മദ്യഷോപ്പുകളുടെ നവീകരണത്തിന്റെ ഭാഗമായി ‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഓരോ വരിയും റം, ബ്രാൻഡി, വോഡ്ക, വൈൻ തുടങ്ങിയ വിഭാഗങ്ങൾക്കായി വേർതിരിക്കുകയും ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് ബെവ്കോ എംഡിയുടെ സർക്കുലറിൽ പറയുന്നു.
