ഡൽഹി: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം ആക്കുന്നതിനുള്ള ബില്ല് ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. അതിന് ശേഷം പാർലമെന്റിൽ കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. 2024 ജൂണിലായിരുന്നു കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തിനാണ് കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചത്.
2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയക്കുകയായിരുന്നു
