പത്തനംതിട്ട: കണ്ണൂരിലെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വിവാദങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി. പത്തനംതിട്ടയിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം’ സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 438 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കുമെന്നും, ഈ ഉദ്ഘാടനങ്ങളിലൂടെ “സത്യത്തിന്റെ പ്രതിരോധം” തീർക്കുകയാണെന്നും അവർ പ്രതികരിച്ചു.
അതേസമയം, തുറവൂർ താലൂക്ക് ആശുപത്രി ഉദ്ഘാടന വേദിക്ക് മുൻപിൽ Indian National Congress പ്രതിഷേധം സംഘടിപ്പിച്ചു. നിർമ്മാണം പൂർണ്ണമാകാതെയും മതിയായ ഡോക്ടർമാരെ നിയമിക്കാതെയും ആശുപത്രി ഉദ്ഘാടനം നടത്താൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കരിങ്കൊടി ഉയർത്തിയെത്തിയ പ്രതിഷേധക്കാർക്കും സ്ഥലത്തെത്തിയ CPI(M) പ്രവർത്തകർക്കുമിടയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
ഇതിനുമുമ്പ് ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നത്. റെയിൽവേ സ്റ്റേഷനിലൂടെ നടന്ന് നീങ്ങുകയായിരുന്ന മന്ത്രിക്കെതിരെ പ്രവർത്തകർ പാഞ്ഞടുക്കുകയായിരുന്നു. സംഭവത്തിൽ മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം നാല് ദിവസം പൂര്‍ണ വിശ്രമം എടുത്തതിനെ തുടർന്ന് മാർച്ച് രണ്ട് വരെയുള്ള പൊതുപരിപാടികൾ മാറ്റിവെച്ചിരുന്നു.
