ആലപ്പുഴ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ആക്രമണാരോപണത്തിൽ കെഎസ്‌യു പ്രതിഷേധത്തെ ന്യായീകരിച്ച് വി ഡി സതീശൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും പോയിട്ടില്ലെന്നും, മന്ത്രിയുടെ സമീപത്ത് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായതിനാൽ എന്തും പറയുന്ന സാഹചര്യമാണെന്നും, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്നും സതീശൻ വ്യക്തമാക്കി. തനിക്കെതിരെ പ്രതിഷേധിക്കാമെന്നും, എന്നാൽ ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്നും സതീശൻ പറഞ്ഞു. കരിങ്കൊടി പ്രതിഷേധം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും നടന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പ്രതിഷേധത്തെ കുറിച്ച് ഓർക്കണമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മറുപടി. എന്താണ് പ്രകോപനം ഉണ്ടായത് എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. ഇതുപോലെത്തെ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ഓർമിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഇതിനിടെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി പരിഹാസത്തോടെ പ്രതികരിച്ചു. വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ നാടകമാണെന്നും, ദൃശ്യങ്ങളിൽ നിന്ന് ആക്രമണമോ പരിക്കോ യാഥാർഥ്യമാണെന്ന് തെളിയുന്നില്ലെന്നും സുധാകരൻ ആരോപിച്ചു. സംഭവസ്ഥലത്ത് എല്ലാ ദൃശ്യമാധ്യമങ്ങളും ഉണ്ടായിരുന്നുവെന്നും, ഏതെങ്കിലും ചാനലിൽ കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
