തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും സ്വന്തം നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ തന്നെ പിന്നീട് നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിച്ച സാഹചര്യത്തിൽ അത് ഔദ്യോഗികമായി തിരുത്തിക്കൊടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയതായും വിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആചാര അനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു സർക്കാരും കോടതിയും ഇടപെടരുതെന്നതാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ മതങ്ങളിൽ നിന്നുതന്നെ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫ് സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
പാലക്കാട് മണ്ഡലത്തിൽ പല പേരുകളും പരിഗണനയിലുണ്ടെന്നും അതിൽ ഒരാളാണ് രമേശ് പിഷാരടി. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും പിഷാരടിയുടെ പ്രതികരണം പോസിറ്റീവാണെന്നും അധികാരം ഇല്ലാത്ത കാലത്തും കോൺഗ്രസിനൊപ്പം നിന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പരിഗണിച്ചില്ലെങ്കിലും പ്രശ്നമില്ലെന്ന് പിഷാരടി വ്യക്തമാക്കിയതായും വി ഡി സതീശൻ പറഞ്ഞു.
സ്ഥാനാർഥി നിർണയം ചിട്ടയായിപൂർത്തിയാക്കുമെന്നും ഭൂരിഭാഗം സീറ്റുകളിലും ഒരൊറ്റ പേര് മാത്രമാണ് നിർദേശിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പേരാവൂരിൽ ആരെ ഇറക്കിയാലും കെപിസിസി പ്രസിഡന്റിനെ തോൽപ്പിക്കാനാകില്ലെന്നും, തോൽക്കുന്ന സീറ്റിൽ ശൈലജയെ മത്സരിപ്പിക്കുന്നത് അവരെ മാറ്റിനിർത്തുന്നതിന് തുല്യമാണെന്നും വി ഡി സതീശൻ ആരോപിച്ചു.
