ന്യൂഡൽഹി: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിന് വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജ്യോതിബാബു നൽകിയ അപ്പീലിൽ അന്തിമ തീരുമാനം വരുംവരെ ജാമ്യവും അനുവദിച്ചു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി.

ജ്യോതിബാബുവിനെതിരായ തെളിവുകൾ ദുര്‍ബലമാണെന്നും ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ മതിയായ തെളിവില്ലെന്നും ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജ്യോതിബാബുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഡയാലിസിസ് തുടരുകയാണെന്നും കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണ് എന്നും മെഡിക്കൽ ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കോടതിയെ അറിയിച്ചു. ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന കെ കെ രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
