BREAKING NEWS


ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ

By newsvigil admin
images 49

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കേരള സർക്കാർ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും ജീവിതവും ചേർന്ന് നിൽക്കുന്ന രണ്ടാമത്തെ വീടാണ് ഗൾഫ് രാജ്യങ്ങളെന്ന് പ്രസ്താവനയിൽ പിണറായി വിജയൻ വ്യക്തമാക്കി. അവിടെയുള്ള ഓരോ സംഭവവും കേരളത്തിലെ കുടുംബങ്ങളിലേക്കും മനസ്സുകളിലേക്കും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് രാജ്യങ്ങളുമായി ബന്ധമുള്ള ഒരാൾ ഉണ്ടാകുമെന്നത് അതിശയോക്തിയല്ലെന്നും, ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ ഐക്യദാർഢ്യം അറിയിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമാധാനവും സുസ്ഥിരതയും നിലനിൽക്കട്ടെയെന്നും വിവേകപൂർണ്ണമായ തീരുമാനങ്ങളിലൂടെ പ്രതിസന്ധി മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ഇന്ത്യൻ എംബസികളും വിദേശകാര്യ മന്ത്രാലയംയും നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും സർക്കാർ നിർദേശിച്ചു. അടിസ്ഥാനരഹിത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി.പ്രവാസികളും അവരുടെ കുടുംബങ്ങളും സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയിലാണെന്നും, സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രവുമായി ചേർന്ന് എല്ലാ തലങ്ങളിലും ഇടപെടൽ തുടരുന്നുവെന്നും അറിയിച്ചു. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ നോർക്കയുടെ ഇടപെടലും ഉറപ്പാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ അംഗങ്ങളും സഹായപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *