
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒരുമിക്കുന്ന പ്രത്യേക അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമ, കേരളത്തിന്റെ വികസനം, വ്യക്തിപരമായ ചോദ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന സംഭാഷണങ്ങളാണ് ടീസറിൽ കാണിക്കുന്നത്. മുഖ്യമന്ത്രിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ റജിനീകാന്ത് അഭിനയിച്ചതാണെന്നും അത് ആക്ഷൻ ചിത്രങ്ങളാണോയെന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, പൊതുവെ താൻ ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറയുന്നു. യഥാർത്ഥ ജീവിതത്തിൽ സിനിമാ സീൻ പരീക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതത്തിൽ എന്തെങ്കിലും കാര്യം പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ടീസറിൽ സസ്പെൻസായി നിലനിര്‍ത്തിയിരിക്കുകയാണ്. താൻ അഭിനയിച്ച സിനിമയിലെ ഡയലോഗ് ഓർക്കുന്നുണ്ടോ എന്ന ചോദ്യത്തിന് “ദാസനും വിജയനും” എന്ന മറുപടി പറഞ്ഞ് ഇരുവരും ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
“എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം” എന്ന മോഹൻലാലിന്റെ വാക്കുകളോടെയാണ് ടീസർ അവസാനിക്കുന്നത്. “രണ്ട് ലെഗസികൾ” എന്ന വിശേഷണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഫെബ്രുവരി 26ന് അഭിമുഖത്തിന്റെ പൂർണരൂപം പുറത്തിറങ്ങും. അഭിമുഖം ചിത്രീകരിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ലാണ്.
