മുംബൈയിൽ റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയുടെ 17 നില വസതിയായ ‘അബോഡ്’ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 3,716.83 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സംബന്ധിച്ച ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു.

പാലി ഹില്‍ പ്രദേശത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി അനിൽ അംബാനി ഉടൻ ഹാജരാകുമെന്നാണ് വിവരം. പി.എം.എൽ.എ നിയമപ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അദ്ദേഹം ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി തുടങ്ങിയ ആരോപണങ്ങളിലുള്ള വിശദമായ അന്വേഷണത്തിന്റെ തുടർച്ചയായാണ് പുതിയ കണ്ടുകെട്ടൽ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി രൂപ വിലമതിക്കുന്ന ഭാഗവും ഇഡി കണ്ടുകെട്ടിയിരുന്നു.
റിലയന്‍സ് ഗ്രൂപ്പിന്റെ ആര്‍കോമിനെതിരെ 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. ആര്‍കോമിനും അനില്‍ അംബാനിക്കുമെതിരെ ആരോപിക്കപ്പെടുന്ന തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ഇഡി ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ കാലതാമസത്തില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
