തിരുവനന്തപുരം: സംരക്ഷിത ജീവിവർഗത്തിൽപ്പെടുന്ന മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരുത്തിപ്പള്ളി വനം വകുപ്പ് കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ ശശിയെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ശശി ഒളിവിലാണെന്നാണ് വിവരം. ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടികളിലും അദ്ദേഹം എത്തിയിട്ടില്ല.

വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലേക്ക് മുള്ളൻപന്നി കയറിയതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ശശി വനം വകുപ്പിനെ വെല്ലുവിളിച്ച് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മുള്ളൻപന്നിയെ തലയ്ക്ക് അടിച്ച് കൊന്നുവെന്നാണ് ആരോപണം.
എന്നാൽ മുള്ളൻപന്നിയെ താൻ കൊന്നിട്ടില്ലെന്നും വാഹനം കയറി ചത്തുകിടന്നിരുന്ന മൃഗത്തിന് ജീവനുണ്ടോ എന്ന് പരിശോധിച്ചതാണെന്നുമാണ് ശശിയുടെ വിശദീകരണം. പ്രദേശത്ത് മുള്ളൻപന്നികളുടെ ശല്യം കൂടുതലാണെന്നും വീട്ടിനകത്ത് കയറിയ മൃഗം ആരെയെങ്കിലും ആക്രമിക്കാമെന്ന ആശങ്കയിലായിരുന്നു താൻ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ശക്തമാക്കി. സംരക്ഷിത ജീവിയെ കൊല്ലുന്നത് ഗുരുതര കുറ്റമായതിനാൽ ശക്തമായ നിയമനടപടികൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചത്ത മൃഗത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.
