കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കെഎസ്‌യു പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ സി.എച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ്.

ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചു. സംഭവത്തെ തുടർന്ന് സിപിഐഎം സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
