സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഇന്ത്യൻ വിപണിയിലെ സ്വർണവും വെള്ളിയും സംബന്ധിച്ച വിലസ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു. നിലവിൽ 22 കാരറ്റ് സ്വർണം ഒരു പവന് 1,18,440 രൂപയാണ്.

വിലവർധനവിന് പ്രധാന കാരണം സീസണൽ ആവശ്യകതയാണെന്നും ധനമന്ത്രി വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഡയറക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ലോകത്തെ പല രാജ്യങ്ങളും അവരുടെ സെൻട്രൽ ബാങ്കുകളും സ്വർണവും വെള്ളിയും വൻതോതിൽ വാങ്ങുന്നതും വില ഉയരാൻ കാരണമായതായി അവർ ചൂണ്ടിക്കാട്ടി.
ഒരു കുടുംബത്തിന് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം തുടരുന്നതായും ഉത്സവസീസൺ ആരംഭിച്ചതോടെ ആവശ്യകത വർധിച്ചതായും അവർ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും നിലവിൽ ഭീതിപിടിക്കേണ്ട സാഹചര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് വ്യാപാരകരാറിനെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ സമയമായിട്ടില്ലെന്നും വാണിജ്യ മന്ത്രാലയം സ്ഥിതി വിലയിരുത്തുകയാണെന്നും അവർ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവകളുടെ സ്വാധീനവും പരിശോധിച്ചുവരികയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
