ആലപ്പുഴ: മാവേലിക്കര സ്വദേശികളായ അജീഷ്–അതുല്യ ദമ്പതികളുടെ നവജാത ശിശു പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് കുടുംബത്തിന്റെ പരാതി. കല്ലുമൂട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ കുഞ്ഞിന്റെ മരണകാരണം ഫ്‌ളൂയിഡ് അകത്ത് ചെന്നതാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

22-ാം തീയതിയാണ് ബ്ലീഡിങിനെ തുടർന്ന് അതുല്യയെ ആശുപത്രിയിൽ എത്തിച്ചത്. മരുന്ന് നൽകി വിട്ടയച്ചെങ്കിലും രാത്രി വേദന കൂടിയതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ നിർബന്ധപ്രകാരമാണ് അഡ്മിറ്റ് ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചുവെന്നാണ് ആരോപണം. തങ്ങളോട് വിശദീകരണം നൽകാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം പറയുന്നു.
ഓപ്പറേഷൻ കഴിഞ്ഞ് 15 മിനിറ്റിനകം കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ച് ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിച്ച ശേഷം അരമണിക്കൂറിനകം കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടക്കത്തിൽ തന്നെ ശരിയായ ചികിത്സയും നിരീക്ഷണവും നൽകിയിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്ന് കുടുംബം പറഞ്ഞു
