കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയതടക്കം ചോദ്യംചെയ്താണ് പ്രോസിക്യൂഷൻ ഹർജി നൽകിയിരിക്കുന്നത്. ദിലീപ് ഉൾപ്പെടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വിചാരണ വിധി ക്രിമിനൽ നടപടിക്രമങ്ങളും സ്വാഭാവിക നീതിയും ലംഘിക്കുന്നതാണെന്നും പ്രതികളെ വെറുതെവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് അന്യായ ആനുകൂല്യം ലഭിച്ചോയെന്നതും പരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ഡിസംബർ 8-നാണ് കേസിൽ ദിലീപ് അടക്കം നാല് പ്രതികളെ വെറുതെവിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്നാരോപിച്ച് ദിലീപ് ഉൾപ്പെടെ പത്ത് പേരെയാണ് കേസിൽ പ്രതികളാക്കിയിരുന്നത്. പൾസർ സുനി എന്ന സുനിൽ എൻ.എസ്., മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, മേസ്തിരി സനിൽ, ശരത് ജി. നായർ എന്നിവരാണ് മറ്റു പ്രതികൾ.
