BREAKING NEWS


വയറ്റിൽ കുടുങ്ങിയ കത്രിക നീക്കി: ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരം

By newsvigil admin
images 32

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാ പിഴവിനെ തുടർന്നുണ്ടായ പ്രശ്നത്തിൽ വയറ്റിൽ കുടുങ്ങിയിരുന്ന ശസ്ത്രക്രിയാ കത്രിക നീക്കം ചെയ്ത് ഉഷ ജോസഫിന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തതായും രോഗിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിലെയും എറണാകുളം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരുടെ സംഘം ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത കത്രിക അമ്പലപ്പുഴ പൊലീസ്യ്ക്ക് കൈമാറി.

സംഭവത്തിൽ ഉഷയുടെ ഭർതൃ സഹോദരി നൽകിയ പരാതിയെ തുടർന്ന് അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതിയാക്കി പൊലീസ് കേസെടുത്തു. ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയ ഡോ. ഷാഹിദയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്‌സായ ധന്യ പി.എസ്-നെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

2021 മെയ് മാസത്തിൽ മുഴ നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ടതായി ഉഷ പറഞ്ഞു. പല ആശുപത്രികളിൽ ചികിത്സ തേടിയിട്ടും പ്രശ്നം കണ്ടെത്താനായില്ല. മൂത്രത്തിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണം ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *