കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ്യുടെ ആദ്യ ഹോം മത്സരത്തിന് ജിസിഡിഎ അനുമതി നൽകി. ക്ലബ്ബുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്. കുടിശിക തുക സംബന്ധിച്ച ചർച്ചകൾ പിന്നീട് നടക്കുമെന്ന് അധികൃതർ അറിയിച്ചു. നാളത്തെ മത്സരത്തിന്റെ വാടക അടച്ചതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ഓഫീസ് പൂട്ടുകയും പ്രതിനിധികളെ പുറത്താക്കുകയും ചെയ്തതോടെ നാടകീയ സംഭവങ്ങളായിരുന്നു ഉണ്ടായത്. ഇതിനെ തുടർന്ന് എതിരാളികളായ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പ് നിശ്ചയിച്ചിരുന്ന പത്രസമ്മേളനം സ്റ്റേഡിയത്തിൽ നടത്താൻ അനുമതി ലഭിക്കാതെ പോയിരുന്നു. മീഡിയ റൂം പൂട്ടിയതിനാൽ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓൺലൈനായി നടത്തേണ്ടിവന്നു.
സ്റ്റേഡിയം വാടക രണ്ട് ലക്ഷത്തിൽ നിന്ന് 4.20 ലക്ഷമായി ഉയർത്തിയതായിരുന്നു തർക്കത്തിന് കാരണം. നേരത്തെ കുറവ് വാടക വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് നിശ്ചയിച്ച മത്സരം കൊച്ചിയിലേക്ക് മാറ്റിയത്. എന്നാൽ പിന്നീട് ഇരട്ടിയിലധികം തുക ഇമെയിൽ വഴി ആവശ്യപ്പെട്ടതോടെ പ്രശ്നം രൂക്ഷമായി.
നാളെ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ മുംബൈ സിറ്റി എഫ്‌സിയാണ്. സീസണിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.
