ചെന്നൈ: സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’യുടെ റിലീസ് അനിശ്ചിതത്വത്തിലായി. സെൻസർ ബോർഡ് നിർദ്ദേശിച്ച അധിക കട്ടുകളാണ് ചിത്രത്തിന് തിരിച്ചടിയായത്. ശനിയാഴ്ച റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലാണ്.

അധിക കട്ടുകൾ: നേരത്തെ നിർദ്ദേശിച്ച 23 കട്ടുകൾക്ക് പുറമെ പുതിയ 15 മാറ്റങ്ങൾ കൂടി വരുത്തണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഇതോടെ ആകെ 38 മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ എന്ന നിലപാടിലാണ് ബോർഡ്. 1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അധിക്ഷേപകരമായ ഡയലോഗുകളും രംഗങ്ങളും ഉണ്ടെന്നാണ് ബോർഡിന്റെ കണ്ടെത്തൽ.
സെൻസർ ബോർഡിന്റെ ഈ കർശന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സംവിധായിക സുധ കൊങ്ങര വ്യക്തമാക്കി. നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയാൽ സിനിമയുടെ ചരിത്രപരമായ പ്രാധാന്യവും അടിസ്ഥാന കഥയും നഷ്ടപ്പെടുമെന്ന് അണിയറപ്രവർത്തകർ വാദിക്കുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാക്കൾ റിവൈസിങ് കമ്മിറ്റിയെ സമീപിക്കാനാണ് തീരുമാനം.ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് എന്നത് ഈ വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യവും നൽകുന്നുണ്ട്.
’ജനനായകൻ’ റിലീസ് മാറ്റിവെച്ചു
വിജയ് നായകനാകുന്ന ‘ജനനായകൻ’ വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതോടെ റിലീസ് നീട്ടിവെക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
