കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് വിധി പുറപ്പെടുവിക്കുക.കേസിലെ പ്രധാന പ്രതികളായ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച്. സലീം, പ്രദീപ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിക്കുന്നത്. ലൈംഗിക കുറ്റകൃത്യത്തിനായി ക്വട്ടേഷൻ നൽകപ്പെട്ടതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്.

2017 ഫെബ്രുവരി 17 തൃശൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടന്നത്. അങ്കമാലി അത്താണിക്ക് സമീപം വെച്ച് നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ ഇവരെ തട്ടിക്കൊണ്ടുപോയി. ഏകദേശം രണ്ട് മണിക്കൂറോളം വാഹനത്തിനുള്ളിൽ വെച്ച് അതിക്രൂരമായ പീഡനം അരങ്ങേറി.പ്രതികൾ നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ലാൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും, തുടർന്ന് പി.ടി. തോമസ് എം.എൽ.എയും സ്ഥലത്തെത്തി. നടിയുടെ മൊഴിയെടുത്തശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രതികൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ക്വട്ടേഷൻ സംഘത്തിലേക്ക് എത്തിയത്. സിനിമാമേഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൾസർ സുനിയാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്ന് വ്യക്തമായി. ആക്രമിക്കപ്പെട്ട സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2017 ഫെബ്രുവരി 19-ന് കൊച്ചിയിൽ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയിൽ വെച്ച് നടി മഞ്ജു വാര്യർ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് സൂചിപ്പിച്ചത് കേസിൽ വഴിത്തിരിവായി.വടിവാൾ സലീം, പ്രദീപ്, മണികണ്ഠൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ എത്തിയ പൾസർ സുനിയെയും വിജീഷിനെയും പോലീസ് പിടികൂടി.50 ലക്ഷം രൂപയുടെ ക്വട്ടേഷൻ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നാണ് പൾസർ സുനി മൊഴി നൽകിയത്. റിമാൻഡിലായിരുന്ന പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു.ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രിൽ 18-ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിലെ നടൻ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾ ഇതിനു പിന്നാലെ അരങ്ങേറി.
സംഭവവുമായി ബന്ധപ്പെടുത്താതിരിക്കാൻ വിഷ്ണു എന്നയാൾ ഫോണിൽ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ദിലീപ് ഡി.ജി.പിക്ക് പരാതി നൽകി. 2017 ജൂൺ 23-ന് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത് റിപ്പോർട്ടർ ടി.വി. പുറത്തുവിട്ടത് കേസിൽ നിർണായക വഴിത്തിരിവായി. അടുത്ത ദിവസം തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.2017-ൽ ആരംഭിച്ച കേസിന്റെ അന്തിമവാദം പൂർത്തിയായത് 2025 ഏപ്രിൽ 11-നാണ്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇന്ന് പ്രതികളുടെ ശിക്ഷാവിധി വരുമ്പോൾ,കേരളം ഉറ്റുനോക്കുകയാണ്.
