

ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് കൊൽക്കത്ത നഗരവും അവിടുത്തെ ആരാധകരും. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ അർജന്റീനിയൻ സൂപ്പർ താരം ഡിസംബർ 13-ന് കൊൽക്കത്തയിൽ എത്തും. മെസ്സിക്കൊപ്പം യുറുഗ്വായ് താരം ലൂയിസ് സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെസ്സിയുടെ സന്ദർശനത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്, ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ചിട്ടുള്ള, ലോകത്തിലെ ഏറ്റവും വലിയ 70 അടി ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമയുടെ അനാച്ഛാദനമാണ്.
മോണ്ടി പാൽ എന്ന കലാകാരനും അദ്ദേഹത്തിന്റെ 30 അംഗ സംഘവും ചേർന്നാണ് പ്രത്യേക ഫൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ഭീമാകാരമായ പ്രതിമ നിർമ്മിച്ചത്. ഈ ചടങ്ങ് ഒരു വലിയ സംഭവമായി മാറുമെന്നും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുമെന്നുമാണ് സംസ്ഥാന മന്ത്രി സുജിത് ബസു പ്രതീക്ഷിക്കുന്നത്.
സന്ദർശന പരിപാടികൾ:
മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുന്നു:
സ്പോൺസറുടെ പരിപാടി,മോഹൻ ബഗാൻ ‘മെസ്സി’ ഓൾ സ്റ്റാറും ഡയമണ്ട് ഹാർബർ ‘മെസ്സി’ ഓൾ സ്റ്റാറും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം,യുവ ഭാരതി സ്റ്റേഡിയത്തിൽ മെസ്സിക്ക് ഗംഭീര സ്വീകരണം ഒരുക്കും.
മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാൻഡർ പേസ് തുടങ്ങിയ പ്രമുഖരുമായി മെസ്സി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.
ബംഗാളി സംസ്കാരത്തോടുള്ള ആദരസൂചകമായി, മെസ്സി പരമ്പരാഗത ബംഗാളി വേഷം ധരിക്കാൻ സാധ്യതയുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ ഭാര്യ അന്റോനെല്ലയ്ക്ക് സാരി സമ്മാനിക്കുകയും ചെയ്യും.
മെസ്സിക്ക് നൽകാനായി പ്രാദേശിക വിഭവങ്ങളായ ഇൽസ (hilsa) മത്സ്യം, ചെമ്മീൻ വിഭവങ്ങൾ, നളൻ ശർക്കര രസഗുള, മധുര തൈര് എന്നിവ ഒരുക്കിയിട്ടുണ്ട്.
ഫുട്ബോൾ ഇതിഹാസത്തെ വരവേൽക്കാൻ നഗരം പൂർണ്ണ സജ്ജമാണ്. മെസ്സിയെ ഒരു നോക്ക് കാണാനും ചരിത്രപരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകർ യുവഭാരതി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയാണ്.
പരിപാടി ക്രെമങ്ങളും സമയവും:
ഡിസംബർ 13, പുലർച്ചെ 1 മണി കൊൽക്കത്തയിൽ എത്തുന്നു
9:30 – 10:30 am സ്പോൺസറുടെ പരിപാടി
10:30 – 11:15 am മെസ്സിയുടെ പ്രതിമയുടെ വെർച്വൽ അനാച്ഛാദനം
11:15 – 11:25 am യുവ ഭാരതി സ്റ്റേഡിയത്തിൽ എത്തുന്നു
11:30 am ഷാരൂഖ് ഖാൻ യുവ ഭാരതിയിൽ എത്തുന്നു
12 noon മുഖ്യമന്ത്രി മമത ബാനർജി, സൗരവ് ഗാംഗുലി സ്റ്റേഡിയത്തിൽ എത്തുന്നു
12:00 – 12:30 pm സൗഹൃദ മത്സരം, അനുമോദനം, സംവാദം
2 pm മെസ്സി ഹൈദരാബാദിലേക്ക് പുറപ്പെടുന്നു
