കൊൽക്കത്ത: തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഐപാക് ഓഫീസിലെ ഇഡി റെയ്ഡിനെതിരെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് നേതൃത്വം നൽകുന്ന പ്രതിഷേധ മാർച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊൽക്കത്തയിൽ നടക്കും.
ഐപാക് ഓഫീസിലെ പരിശോധന കേവലം സാമ്പത്തിക അന്വേഷണമല്ലെന്നും അത് പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണെന്നും മമത ബാനർജി ആരോപിച്ചു.പാർട്ടിയുടെ ഹാർഡ് ഡിസ്ക്, സ്ഥാനാർത്ഥി പട്ടിക, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്നിവ കൈക്കലാക്കാനാണ് ഇഡി എത്തിയത്.അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഇത്തരം നടപടികൾ നടക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.

പരിശോധന തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് മമത ബാനർജിക്കെതിരെ ഇഡി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. പരിശോധനയുടെ ഭാഗമായി ചില രേഖകൾ മാത്രമാണ് പിടിച്ചെടുത്തതെന്നും മമതയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇഡി കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി തന്നെ അന്വേഷണ ഏജൻസിയുടെ കൃത്യനിർവ്വഹണം തടഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്നും ഇഡി ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലും ഗവർണർ സി.വി. ആനന്ദബോസിന് നേരെയുള്ള വധഭീഷണി നിലനിൽക്കുന്നതിനാലും കൊൽക്കത്തയിലെ രാജ്ഭവന് ചുറ്റും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
