പാലക്കാട്: അധ്യാപകൻ വിദ്യാർഥികളെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്ത്. കുട്ടികളെ അധ്യാപകൻ താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചത് കൂടാതെ സ്കൂളിൽ വെച്ചും ലൈംഗിക അതിക്രമങ്ങൾ നടത്തിയതായി ഇരയായ കുട്ടികൾ മൊഴി നൽകി. അധ്യാപകനെതിരെ അഞ്ച് കുട്ടികളാണ് ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

സ്കൂൾ പരിസരത്ത് വെച്ചും അധ്യാപകൻ അതിക്രമങ്ങൾ കാട്ടിയതായാണ് കുട്ടികളുടെ വെളിപ്പെടുത്തൽ. കേസിൽ കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് ഇതിലൂടെ വ്യക്തമാകും.
അറസ്റ്റിലായ അധ്യാപകനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവം മറച്ചുവെക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. നവംബർ 29-ന് നടന്ന സംഭവത്തെക്കുറിച്ച് ഡിസംബർ 18-ന് തന്നെ സ്കൂൾ അധികൃതർ അറിഞ്ഞിരുന്നു. എന്നാൽ ജനുവരി 3-നാണ് പോലീസിൽ പരാതി നൽകിയത്.ഡിസംബർ 24-ന് സ്കൂൾ അധികൃതർ എഇഒയെ (AEO) വിളിച്ച് അധ്യാപകൻ അപമര്യാദയായി പെരുമാറി എന്ന് അറിയിച്ചിരുന്നു. എന്നാൽ മദ്യം നൽകിയെന്നോ പീഡിപ്പിച്ചെന്നോ ഉള്ള ഗൗരവകരമായ കാര്യങ്ങൾ മറച്ചുവെച്ചു. ഇത് പോക്സോ കേസിന്റെ പരിധിയിൽ വരുമെന്ന് കരുതിയില്ലെന്നാണ് എഇഒയുടെ ന്യായീകരണം.
