തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ഭരണസമിതി അംഗങ്ങളടക്കം പ്രമുഖർ ഇഡിയുടെ നിരീക്ഷണത്തിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്.

സ്വർണ്ണക്കൊള്ളയിൽ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ നീക്കം. ശബരിമലയിലെ ധനവിനിയോഗത്തിലും സംഭാവനകളിലും വൻ ക്രമക്കേടുണ്ടെന്നാണ് ഇഡി കണ്ടെത്തൽ.
സ്പോൺസർഷിപ്പ് തട്ടിപ്പ്: ശബരിമലയിൽ മുൻകാലങ്ങളിൽ നടന്ന സ്പോൺസർഷിപ്പുകൾ, വഴിപാടുകൾ, ആചാരങ്ങൾ എന്നിവയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായി ഇഡി സംശയിക്കുന്നു.
ഭരണസമിതികൾ നിഴലിൽ: മുൻ ദേവസ്വം ഭരണസമിതികളുടെ കാലത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും.
മുൻ ഭാരവാഹികൾ: എ. പത്മകുമാർ, എൻ. വാസു, മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ വീടുകൾ. സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ വസതികൾ.
സ്ഥാപനങ്ങൾ: ബെല്ലാരിയിലെ ഗോവർധൻ ജ്വല്ലറി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ, തിരുവനന്തപുരം ദേവസ്വം ആസ്ഥാനം.
വെഞ്ഞാറമൂട്ടിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട് അടച്ചിട്ട നിലയിലായിരുന്നതിനാൽ, ഇഡി സംഘം സഹോദരിയുടെ വീട്ടിലെത്തി അമ്മയെ കൂട്ടിക്കൊണ്ടുവന്നാണ് വീട് തുറന്ന് പരിശോധന നടത്തിയത്.ചങ്ങനാശ്ശേരി പെരുന്നയിലുള്ള മുരാരി ബാബുവിന്റെ വീട്ടിൽ രാവിലെ ഏഴരയോടെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളായി തുടരുകയാണ്. 2019-ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ഇയാളായിരുന്നു. മുരാരി ബാബുവിന്റെ ആഡംബര വീട് നിർമ്മാണത്തെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.ദേവസ്വം ബോർഡിലെ പല ഉന്നതരുടെയും ബിനാമി ഇടപാടുകളിലേക്ക് ഈ അന്വേഷണം ചെന്നെത്തുമെന്നാണ് സൂചന. കേരളത്തിലെ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണിത്.
