നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്കുപ്രകാരം 47.01 ശതമാനം പേർ വോട്ടുചെയ്തു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായി.

എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. ‘ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. ‘യുഡിഎഫിന് ചരിത്രപരമായ ഭൂരിപക്ഷം കൈവരും, യുഡിഎഫിന്റെ വോട്ടിൽ വിള്ളൽ ഉണ്ടാകില്ല’ എന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. ജനമനസുകളിൽ വ്യാപക പിന്തുണയുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി അൻവർ പറഞ്ഞു.
‘ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയം ലഭിക്കും’ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 25,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേടുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചു. എൽഡിഎഫ് വൻ വിജയം നേടുമെന്ന വിശ്വാസം കൺവീനർ ടി.പി രാമകൃഷ്ണനും രേഖപ്പെടുത്തി.
