തിരുവനന്തപുരം: കേരളം പാസാക്കിയ മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രതികരണം പിൻവലിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു. മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ ബിൽ ഭരണഘടനയ്ക്ക് പൂർണ്ണമായും വിധേയമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന ഒന്നും ബില്ലിലില്ല. ഉത്തരേന്ത്യയിലെ ‘ബുൾഡോസർ രാജി’ൽ വീട് തകർത്തതിനെതിരെ കേരളം പ്രതികരിച്ചതിലുള്ള വൈരാഗ്യമാണ് ഇപ്പോൾ തീർക്കുന്നത്. സംഘപരിവാറിനെപ്പോലെ വിദ്വേഷം പടർത്താനാണ് കോൺഗ്രസും ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. കന്നഡ ഭാഷയ്ക്കായി കർണാടക നിയമങ്ങൾ നിർമ്മിക്കുമ്പോൾ അതിനെ എതിർക്കാത്തവർ, കേരളം മലയാളത്തിന് പ്രാധാന്യം നൽകുമ്പോൾ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമർശനമുയർന്നു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് സർക്കാർ പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പിന്നെന്തിന് കോൺഗ്രസ് പരിഭ്രമിക്കുന്നുവെന്നും മന്ത്രി ചോദിച്ചു. നേരത്തെ പാരഡി ഗാനങ്ങൾ പാടി നടന്ന കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ ആ ആവേശം കാണാനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
