കോഴിക്കോട്: ജില്ലയിലെ രാമല്ലൂരിൽ പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് പ്രദേശം. പുന്നശ്ശേരി സ്വദേശി ബിജീഷിന്റെ മകൻ ആറ് വയസ്സുകാരനായ നന്ദഹർഷാണ് അമ്മയുടെ കൈകളാൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ബിജീഷ് ജോലിക്ക് പോയതിന് പിന്നാലെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് അനു തന്നെയാണ് കാക്കൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം കൈമാറിയത്. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ കാക്കൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
