BREAKING NEWS


ബംഗ്ലാദേശിൽ വീണ്ടും കലാപം: പ്രക്ഷോഭ നേതാവ് ഹാദി അന്തരിച്ചു; മാധ്യമ ഓഫീസുകൾക്ക് തീയിട്ടു, ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ കല്ലേറ്

By sanjaynambiar
PROTEST

ധാക്ക: ബംഗ്ലാദേശ് വീണ്ടും കത്തിയെരിയുകയാണ്. ഇത്തവണ പ്രക്ഷോഭകാരികളുടെ ലക്ഷ്യം ഭരണകൂടം മാത്രമല്ല, അവിടുത്തെ മാധ്യമസ്ഥാപനങ്ങൾ കൂടിയാണ്. വിദ്യാർത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ ധാക്കയിലെ തെരുവുകൾ ചോരക്കളമായി മാറി. പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ‘പ്രഥം ആലോ’   ‘ഡെയ്‌ലി സ്റ്റാർ’ (Daily Star) എന്നിവയുടെ ഓഫീസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു.

​ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വ്യാപകമായി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രപിതാവ് മുജീബുർ റഹ്‌മാന്റെ വീട് പ്രതിഷേധക്കാർ തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു. ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച ഹാദി, ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങവെയാണ് വെടിയേറ്റത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച അദ്ദേഹം അന്തരിച്ചു.

ഹാദിയുടെ കൊലയാളികൾക്ക് ഇന്ത്യ അഭയം നൽകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ വീടിന് നേരെ കല്ലേറ് നടത്തി. മാധ്യമങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഇടക്കാല സർക്കാർ മാപ്പ് ചോദിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *