ഈരാറ്റുപേട്ട: പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. കാരക്കാട് എം.എം.യു.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥിയായ മിസ്ബായ്ക്കാണ് (10) മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.

വ്യാഴാഴ്ച വൈകിട്ട് പരീക്ഷാ ഹാളിൽ വെച്ചായിരുന്നു സംഭവം. സംശയം ചോദിച്ച മിസ്ബായെ അധ്യാപകൻ തോളിൽ ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. വീട്ടിലെത്തിയ കുട്ടി കഠിനമായ വേദന പ്രകടിപ്പിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സറേ എടുത്തപ്പോഴാണ് തോളെല്ലിലെ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ കുട്ടി ചികിത്സയിലാണ്. മൂന്നാഴ്ചത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.സംഭവത്തിൽ കുട്ടിയുടെ പിതാവ് സക്കീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. സ്കൂൾ അധികൃതരിൽ നിന്നും അധ്യാപകനിൽ നിന്നും പോലീസ് വരുംദിവസങ്ങളിൽ മൊഴിയെടുക്കും.
