കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ (35) മരണത്തിൽ യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പിതാവ് ചോയി പറഞ്ഞു.

യുവതി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെത്തിയ ദീപക്കിന്റെ മുഖത്ത് വലിയ വിഷമം കണ്ടിരുന്നെങ്കിലും ആരോടും ഒന്നും പറഞ്ഞിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി.പോലീസ് നിലപാട്: കേസ് അന്വേഷിച്ച മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചതെന്ന് ബന്ധുവായ സനീഷ് ആരോപിച്ചു.ദീപക്കിന്റെ മരണത്തിന് ഉത്തരവാദികളായ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനും നിരവധി പരാതികൾ ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മാങ്കാവ് സ്വദേശിയായ ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബസിൽ വെച്ച് ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ദീപക്കിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വ്യക്തിഹത്യയും നടന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
