ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആരാധകരുടെ സ്വപ്നമായ, അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഒരു നോക്ക് കാണാനും ഹസ്തദാനം ചെയ്യാനുമുള്ള അവസരം ഡൽഹിയിൽ കോടീശ്വരന്മാർക്ക് മാത്രം സ്വന്തം. ലക്ഷങ്ങൾ കയ്യിലുണ്ടെങ്കിലും കാര്യമില്ല; മെസ്സിയുമായി ഹസ്തദാനം ചെയ്യാനും ഏതാനും വാക്കുകൾ സംസാരിക്കാനും വേണ്ടി കോർപ്പറേറ്റ് ഭീമന്മാർ മുടക്കിയത് ഒരു കോടി രൂപയിലേറെയാണ്.
ഡൽഹിയിലെ ചാണക്യപുരിയിലുള്ള ലീല പാലസ് ഹോട്ടലിൽ അതീവ രഹസ്യമായി ഒരുക്കിയ ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടിയിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. മെസ്സി താമസിക്കുന്ന ഹോട്ടൽ സമുച്ചയവും പരിസരവും ഇപ്പോൾ അതീവ സുരക്ഷാ വലയത്തിലാണ്. മെസ്സിക്കും അദ്ദേഹത്തിന്റെ സംഘത്തിനും വേണ്ടി ഹോട്ടലിലെ ഒരു നില പൂർണ്ണമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഒരു ദിവസത്തേക്ക് മൂന്നര ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ വാടകയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് താരത്തിന്റെ താമസം.ഡൽഹി സന്ദർശന വേളയിൽ മെസ്സിക്ക് നിരവധി പ്രമുഖരുമായി കൂടിക്കാഴ്ചയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കൂടാതെ കായിക താരങ്ങളായ രോഹിത് ശർമ, നിഖാത് സരീൻ, സുമിത് ആന്റിൽ എന്നിവരെയും അദ്ദേഹം സന്ദർശിക്കും.
ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പ്രത്യേക പരിപാടിയിൽ മെസ്സി ആരാധകരെ കാണാനെത്തും. ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി, ബോളിവുഡ് താരം വരുൺ ധവാൻ എന്നിവരുൾപ്പെടെയുള്ളവർ ചേർന്ന് താരത്തെ സ്വീകരിക്കും. ഇതിന് മുന്നോടിയായി സെലിബ്രിറ്റി ടീമുകൾ തമ്മിലുള്ള ഫുട്ബോൾ പ്രദർശന മത്സരവും സംഗീത പരിപാടിയും അരങ്ങേറും

കൂടാതെ, മിനർവ അക്കാദമിയിലെ 22 യുവ താരങ്ങളുമായി മെസ്സി ‘ഫുട്ബോൾ ക്ലിനിക്ക്’ എന്ന സംവാദ പരിപാടിയിൽ പങ്കെടുക്കുകയും തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യും.തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് മെസ്സിയും സംഘവും ഇന്ത്യയിൽ നിന്ന് മടങ്ങും.
