കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവിച്ചത് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും, ദുഃഖമുണ്ടെന്നും അവർ പ്രതികരിച്ചു.”സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കണ്ട മാനേജ്മെന്റ് വീഴ്ചയിൽ അങ്ങേയറ്റം വേദനയും ദുഃഖവുമുണ്ട്. ലയണൽ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മുൻ ജഡ്ജി അസിം കുമാർ റേയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചതായും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആൻഡ് ഹിൽ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
അതേസമയം, പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന ശതാദ്രു ദത്തയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിക്കുന്നതാണെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടിരുന്നു.

’ഗോട്ട് ഇന്ത്യ ടൂർ 2025′-ന്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അദ്ദേഹം കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. ഇന്റർ മയാമിയിൽ മെസ്സിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 11.15-നാണ് മെസ്സി എത്തിയത്.
മെസ്സിയെ ഒരുനോക്ക് കാണാനായി രാവിലെ മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. ടിക്കറ്റുകൾക്ക് 5,000 രൂപ മുതൽ 25,000 രൂപ വരെയായിരുന്നു വില. എന്നാൽ, മെസ്സി ഗ്രൗണ്ടിൽ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്.
വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ വളഞ്ഞുനിന്നതിനാൽ ആരാധകർക്ക് അദ്ദേഹത്തെ വ്യക്തമായി കാണാൻ സാധിച്ചില്ല. ഇതിൽ രോഷാകുലരായ കാണികൾ സ്റ്റേഡിയത്തിലേക്ക് കുപ്പിയുൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുകയും കസേരകളും ബാനറുകളും തകർക്കുകയും ചെയ്തു.
തുടർന്നുള്ള യാത്ര: ഹൈദരാബാദ്, മുംബൈ, ഡൽഹി
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മെസ്സിക്ക് കൊൽക്കത്തയ്ക്ക് ശേഷം ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരമാണ് ഹൈദരാബാദിലെ പരിപാടി. കൊൽക്കത്തയിലെ പരിപാടികൾ അലങ്കോലമായ പശ്ചാത്തലത്തിൽ, മറ്റ് നഗരങ്ങളിലെ പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
