അർജന്റീനയുടെ പ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസ്സിക്ക് ഇന്ത്യയിൽ ഊഷ്മളമായ വരവേൽപ്പ് ലഭിച്ചു. ശനിയാഴ്ച പുലർച്ചെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ മെസ്സിയെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.കൊൽക്കത്ത സന്ദർശനത്തിന്റെ ഭാഗമായി ശ്രീഭൂമി സ്‌പോർട്ടിങ് ക്ലബ്ബ് നിർമ്മിച്ച 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമ അദ്ദേഹം ഇന്ന് രാവിലെ അനാവരണം ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം മെസ്സിക്ക് നേരിട്ട് വേദിയിലെത്താൻ സാധിച്ചില്ല. അതിനാൽ, ഹോട്ടൽ മുറിയിൽ വെച്ച് ‘വെർച്വൽ’ മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. നടൻ ഷാറുഖ് ഖാനും ബംഗാൾ മന്ത്രി സുർജിത് ബോസും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്ന് മെസ്സി പ്രതികരിച്ചു.

മെസ്സിക്ക് സ്വീകരണം നൽകാനായി കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സംഘർഷാവസ്ഥ ഉണ്ടായി. ടിക്കറ്റിനായി 5,000 രൂപ മുതൽ 25,000 രൂപ വരെ മുടക്കി എത്തിയ ഒരു കൂട്ടം ആരാധകരാണ് പ്രതിഷേധിച്ചത്.പ്രഖ്യാപിച്ചതുപോലെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും മെസ്സി എത്താതെ, ആരാധകരെ അഭിവാദ്യം ചെയ്ത് പെട്ടെന്ന് മടങ്ങിയതാണ് പ്രതിഷേധത്തിന് കാരണം. “മെസ്സിയെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല” എന്ന് പറഞ്ഞുകൊണ്ടായിരിന്നു ആരാധകർ സ്റ്റേഡിയത്തിലെ ബാനറുകൾ തകർക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിയുകയും ചെയ്തത്. കൂടാതെ ചിലർ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി താൽക്കാലിക കൂടാരങ്ങൾ നശിപ്പിച്ചു. സ്ഥിതി നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശേണ്ടി വന്നു.പ്രതിഷേധങ്ങളെത്തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ഷാറുഖ് ഖാൻ എന്നിവർ സ്റ്റേഡിയത്തിലെ പരിപാടിയിൽ എത്തിയിരുന്നില്ല.
കൊൽക്കത്തയിലെ പരിപാടികൾക്ക് ശേഷം മെസ്സിയും സംഘവും ഇന്ന് വൈകിട്ടോടെ ഹൈദരാബാദിലേക്ക് തിരിക്കും.
