കുറുപ്പംപടി: കുറുപ്പംപടി-കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ശ്രീജ ഷിജോ വിജയിച്ചു. സാധാരണ വേഷത്തിൽ വനാതിർത്തിയിലെ ടാർ റോഡിലൂടെ നടന്നു വരുന്ന ശ്രീജയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരുന്നു.

ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല സെക്രട്ടറിയായ അഭിലാഷ് അനിരുദ്ധനാണ് ഈ ചിത്രം യാദൃച്ഛികമായി തന്റെ ക്യാമറയിൽ പകർത്തിയത്. സി.പി.എം. വേങ്ങൂർ ലോക്കൽ കമ്മിറ്റിയംഗമായ ശ്രീജ, ഒരു യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആടിന് തീറ്റ ശേഖരിക്കാനായി പോയി തിരിച്ചു വരുന്നതിനിടെയാണ് ഈ ചിത്രം എടുക്കുന്നത്. നൈറ്റിയും തോളിൽ വെള്ളത്തോർത്തുമായിരുന്നു ശ്രീജയുടെ അന്നത്തെ വേഷം. അനിരുദ്ധൻ പകർത്തിയ ഈ ചിത്രം പിന്നീട് ശ്രീജയുടെ പേരും ചിഹ്നവും ചേർത്ത് തിരഞ്ഞെടുപ്പ് പോസ്റ്ററാക്കി മാറ്റുകയായിരുന്നു.
അർബുദ രോഗത്തെ അതിജീവിച്ച പോരാളി കൂടിയാണ് ശ്രീജ. നിലവിൽ, വേങ്ങൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷയാണ് ഇവർ. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ലളിതമായ ജീവിതം നയിക്കുന്ന ഒരു പൊതുപ്രവർത്തക എന്ന നിലയിൽ ശ്രീജയുടെ വിജയം ഏറെ ശ്രദ്ധേയമായി.
