തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിലെ ശാസ്‌തമംഗലം വാർഡിൽ വിജയിച്ചു. മേയർ സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്ന ശ്രീലേഖയുടെ കന്നി അങ്കമായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ശക്തമായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ഈ ശ്രദ്ധേയമായ ജയം.

പ്രചാരണ സമയത്ത് ആർ.ശ്രീലേഖയുടെ പഴയൊരു കുറിപ്പ് കോൺഗ്രസ് പ്രധാന ആയുധമാക്കിയിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം ‘വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണ്’, കുട്ടികൾക്ക് ശാരീരികവും മാനസികവുമായ കടുത്ത പീഡനം ഏൽക്കേണ്ടിവരുന്നു’ എന്നായിരുന്നു ശ്രീലേഖയുടെ കുറിപ്പിലെ ഉള്ളടക്കം. ഈ കുറിപ്പിനെത്തുടർന്ന് ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.
പ്രചാരണങ്ങൾക്കെതിരെ ശ്രീലേഖയുടെ പ്രതികരണം ശക്തമായിരുന്നു: “ഞാൻ സ്ഥാനാർഥിയായതിലുള്ള പേടി കൊണ്ടാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.”അതിനിടെ, വോട്ട് അഭ്യർഥിച്ചുള്ള ചുവരെഴുത്തുകളിൽ പേരിനൊപ്പമുണ്ടായിരുന്ന ‘ഐപിഎസ്’ എന്ന പദവി കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചതും വാർത്തകളിൽ ഇടംനേടി. ആം ആദ്‌മി പാർട്ടിയിലെ ടി.എസ്.രശ്മി പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇത്. ‘ഐപിഎസ്’ മായ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ, എതിർ സ്ഥാനാർഥി പരാതി ഉന്നയിച്ച സാഹചര്യത്തിൽ, അവരുടെ വീടിനു മുന്നിലെ ചുവരെഴുത്തുകളിൽനിന്ന് ‘ഐപിഎസ്’ മായ്ക്കാൻ പാർട്ടി പ്രവർത്തകരോട് ശ്രീലേഖ നിർദേശിക്കുകയായിരുന്നു.
വോട്ടെടുപ്പ് ദിവസം രാവിലെ പ്രീ-പോൾ സർവേ ഫലം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് ശ്രീലേഖ വീണ്ടും വിവാദത്തിൽ പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കമുണ്ടെന്ന് സി ഫോർ സർവേ ഫലമെന്ന പേരിലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുൻപ് പോസ്‌റ്റർ പങ്കുവെച്ചത്. ഇത് പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മിഷനെ പൊലീസ് സൈബർ വിഭാഗം അറിയിക്കുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതോടെ പോസ്‌റ്റർ പിൻവലിച്ചു. നിരവധി രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും കന്നി അങ്കത്തിൽ ആർ.ശ്രീലേഖ നേടിയ ഈ വിജയം തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിലെ നിർണായക ഫലങ്ങളിൽ ഒന്നാണ്.
