നടൻ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതെ വിടുകയും പൾസർ സുനിൽ ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും ചെയ്ത കേസിലെ വിചാരണക്കോടതി വിധിക്ക് പിന്നാലെ, അതിജീവിത സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ പ്രതികരണം അറിയിച്ചു. തന്റെ വേദനകളെ ‘നുണ’ എന്നും കേസിനെ ‘കെട്ടിച്ചമച്ച കഥ’ എന്നും പറഞ്ഞ് പരിഹസിച്ചവർക്കായി ഈ വിധി സമർപ്പിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
”എട്ട് വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ… ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.”

വ്യാജ പ്രചാരണങ്ങൾക്കെതിരെ;
തൻ്റെ മുൻ ഡ്രൈവറാണ് ഒന്നാം പ്രതിയെന്ന വാദത്തെ അതിജീവിത ശക്തമായി നിഷേധിച്ചു.
”ഒന്നാംപ്രതി എൻ്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ഡ്രൈവറോ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല.”
”2016-ൽ ഞാൻ വർക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽനിന്ന് നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ. ഈ ക്രൈം നടക്കുന്നതിനുമുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.”
നീതിയിലുള്ള വിശ്വാസവും തിരിച്ചറിവുകളും;
ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെന്നും, എന്നാൽ 2020-ൻ്റെ അവസാനം തന്നെ ചില ‘അന്യായമായ നീക്കങ്ങൾ’ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അതിജീവിത കുറിച്ചു. കേസ് കൈകാര്യം ചെയ്യുന്ന രീതി കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോൾ മാറിയെന്ന് പ്രോസിക്യൂഷനും മനസ്സിലാക്കിയിരുന്നു.
”നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി,” എന്ന വിമർശനപരമായ പരാമർശം അവർ നടത്തി. അതേസമയം, ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന വിശ്വാസം ഇപ്പോഴുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
വിചാരണക്കോടതിയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെടാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും അതിജീവിത വിശദീകരിച്ചു:
മെമ്മറി കാർഡ് ദുരുപയോഗം: കോടതി കസ്റ്റഡിയിൽ ഇരിക്കെ കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് മൂന്നു തവണ അനധികൃതമായി തുറക്കുകയും പരിശോധിക്കുകയും ചെയ്തു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകിയില്ല.
പ്രോസിക്യൂട്ടർമാരുടെ രാജി: ആദ്യം വന്ന രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ‘ശത്രുതാപരമായി’ പെരുമാറുന്നതായി ചൂണ്ടിക്കാട്ടി രാജിവെച്ചു. ഈ കോടതിയിൽനിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് അവർ വ്യക്തിപരമായി അറിയിച്ചതായും അതിജീവിത പറഞ്ഞു.
ജഡ്ജിനെ മാറ്റാനുള്ള ആവശ്യം: താൻ ജഡ്ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയപ്പോൾ, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷി ചേർന്നു. ഇത് സംശയങ്ങൾക്ക് ബലം നൽകി.
ഹർജികൾ നിഷേധിക്കപ്പെട്ടു: ജഡ്ജിനെ മാറ്റണമെന്ന തൻ്റെ എല്ലാ ഹർജികളും ഹൈക്കോടതിയും സുപ്രീം കോടതിയും നിഷേധിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തുകൾ അയക്കേണ്ടിയും വന്നു.
കോടതി വിധി: ശിക്ഷയും പ്രതികരണവും:
ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും വിചാരണക്കോടതി വിധിച്ചിട്ടുണ്ട്. പിഴയടയ്ക്കാത്തപക്ഷം പ്രതികൾ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി. അജകുമാർ വിധിയോട് പ്രതികരിച്ചത്, വിചാരണക്കോടതിയിൽനിന്ന് പരിപൂർണ നീതി ലഭിച്ചില്ലെന്നും, വിധി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമാണ്. ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷൻ്റെ അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
