BREAKING NEWS


​”മറ്റുള്ളവരെ ഭയന്ന് നിലപാടുകൾ മാറ്റരുത്; സംശയങ്ങൾ ചോദിച്ചു തന്നെ വളരണം”: മനസ്സ് തുറന്ന് മീനാക്ഷി അനൂപ്

By sanjaynambiar
meenu

തിരുവനന്തപുരം: സ്വന്തം അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ തുറന്നു പറയാനുള്ള ആർജ്ജവം കുട്ടികൾ വളർത്തിയെടുക്കണമെന്ന് നടിയും അവതാരികയുമായ മീനാക്ഷി അനൂപ്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മീനാക്ഷിയോടൊപ്പം’ എന്ന ഇൻ്ററാക്ടിവ് സെഷനിൽ സംസാരിക്കുകയായിരുന്നു താരം. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മീനാക്ഷി ഓർമ്മിപ്പിച്ചു.

താൻ പറയുന്ന കാര്യങ്ങൾ വിവാദമാകണം എന്ന ലക്ഷ്യം തനിക്കില്ലെന്ന് മീനാക്ഷി വ്യക്തമാക്കി. “എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ തുറന്നു പറയുന്നത്. കുട്ടികൾ സംശയങ്ങൾ ചോദിച്ചു തന്നെ വളരേണ്ടവരാണ്. അവർക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ മടിക്കരുത്,” താരം പറഞ്ഞു. മനുഷ്യരെ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും, പഴയ സ്കൂൾ പാഠങ്ങളിലെ ‘വർണ്ണ പിരമിഡുകൾ’ ഇന്ന് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

കുട്ടികളെ നിലപാടുകൾ തുറന്നു പറയാൻ പ്രോത്സാഹിപ്പിക്കേണ്ടത് വീടുകളിൽ നിന്നാണെന്ന് മീനാക്ഷി പറഞ്ഞു.
​”എന്റെ അച്ഛനും അമ്മയും എന്റെ അഭിപ്രായങ്ങളെ മാനിക്കുന്നവരാണ്. അവർ ഒരിക്കലും അവരുടെ തീരുമാനങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാറില്ല. നിലപാടുകൾ എന്നത് തീർത്തും വ്യക്തിപരമായ ഒന്നാണ്, അതിൽ ഉറച്ചു നിൽക്കാൻ ഓരോരുത്തർക്കും സാധിക്കണം.”

നിയമസഭയിലെ സ്റ്റുഡന്റസ് കോർണറിൽ നടന്ന സെഷനിൽ നിരവധിയായ വിദ്യാർത്ഥികളാണ് മീനാക്ഷിയുമായി സംവദിക്കാൻ എത്തിയത്. തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും കൃത്യമായ നിലപാട് വ്യക്തമാക്കിയാണ് താരം മടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *