ഇടുക്കി: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 41 വയസ്സുള്ള അയൽവാസിക്ക് അഞ്ച് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി. ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസിയായ ചന്ത്യത് വീട്ടിൽ ചെല്ലപ്പൻ്റെ മകൻ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്.

2024-ലെ ഓണാവധിക്കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിലെത്തിയപ്പോൾ അയൽവാസിയായ പ്രതിയുടെ മകളോടൊപ്പം കളിക്കാനായി വീട്ടിൽ ചെന്ന സമയത്താണ് അതിക്രമം ഉണ്ടായത്. പ്രതിയുടെ വീടിൻ്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പെൻസിൽ എടുക്കാനായി പ്രതിയുടെ മകൾ റൂമിലേക്ക് പറഞ്ഞുവിട്ടു. ഈ സമയം മുറിയിൽ വെച്ച് ഗിരീഷ് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൻ്റെ വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും സ്വന്തം മകളും പ്രതിക്കെതിരെ മൊഴി നൽകിയത് കേസിൽ നിർണായകമായി.
പിഴത്തുകയായ 30,000 രൂപ ഒടുക്കാത്ത പക്ഷം പ്രതി ആറുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. കൂടാതെ, പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്യുകയും ചെയ്തു.
2024-ൽ ഇടുക്കി പോലീസ് രജിസ്റ്റർ ചെയ്ത് അന്നത്തെ പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസാണ് ഇത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ആശ പി.കെ. പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിക്കാൻ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.
