ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന ഹൊറർ-കോമഡി ചിത്രം ‘ദി രാജാ സാബ്’ ആരാധകരെ ഒട്ടും നിരാശപ്പെടുത്തില്ലെന്ന് സംവിധായകൻ മാരുതി. സിനിമയെക്കുറിച്ചുള്ള തന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനായി സ്വന്തം വീട്ടുപേരും വിലാസവും പരസ്യമായി പ്രഖ്യാപിച്ചാണ് മാരുതി ആരാധകരെ അമ്പരപ്പിച്ചത്.
ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെയായിരുന്നു മാരുതിയുടെ ഈ വേറിട്ട പ്രതികരണം.
”നിങ്ങളിൽ ഒരു ശതമാനം പേർക്കെങ്കിലും ഈ സിനിമ നിരാശ നൽകുന്നുവെങ്കിൽ നിങ്ങൾക്ക് ധൈര്യപൂർവ്വം എന്റെ വീട്ടിൽ വന്ന് എന്നെ ചോദ്യം ചെയ്യാം. വില്ല നമ്പർ 17, കൊല്ല ലക്സറിയ, കൊണ്ടാപൂർ – ഇതാണ് എന്റെ വിലാസം.”
സിനിമ കണ്ട് തിയേറ്റർ വിട്ടിറങ്ങിയാലും വർഷങ്ങളോളം ഓർത്തുനിൽക്കുന്ന ഗെറ്റപ്പിലും പ്രകടനത്തിലുമായിരിക്കും പ്രഭാസ് ഈ ചിത്രത്തിൽ എത്തുകയെന്നും ഇന്ത്യൻ സ്ക്രീനിൽ ഇതുവരെ കാണാത്ത ഒന്നായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 9-ന് ചിത്രം തിയേറ്ററുകളിൽ എത്തും.നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.മാളവികയുടെ പ്രതികരണം: പ്രഭാസ് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ‘സ്വീറ്റായ’ വ്യക്തിയാണെന്നും ‘ഭൈരവി’ എന്ന മനോഹരമായ കഥാപാത്രം തനിക്ക് നൽകിയതിൽ നന്ദിയുണ്ടെന്നും മാളവിക മോഹനൻ പറഞ്ഞു. പീപ്പിൾ മീഡിയ ഫാക്ടറിയും ഐ.വി.വൈ എൻ്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.പ്രഭാസിന്റെ സമീപകാലത്തെ ആക്ഷൻ ചിത്രങ്ങളിൽ നിന്ന് മാറി, വിനോദത്തിന് മുൻതൂക്കം നൽകുന്ന ഒരു കളർഫുൾ ചിത്രമായിരിക്കും ‘ദി രാജാ സാബ്’ എന്നാണ് ട്രെയിലറും പോസ്റ്ററുകളും നൽകുന്ന സൂചന.
