BREAKING NEWS


“എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ, മാന്യമായി പെരുമാറൂ”: അശ്ലീല പ്രദർശനം നടത്തിയയാൾക്ക് വേദിയിൽ വച്ച് ചുട്ടമറുപടി നൽകി ഗായിക പ്രഞ്ജൽ ദഹിയ

By sanjaynambiar
prenjal hadiya

മുംബൈ: ഗാനമേളയ്ക്കിടെ തനിക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ മധ്യവയസ്കന് വേദിയിൽ വച്ച് തന്നെ താക്കീത് നൽകി യുവ ഹരിയാനവി ഗായിക പ്രഞ്ജൽ ദഹിയ. മുംബൈയിൽ നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു നാടകീയമായ ഈ സംഭവം. ഗായികയുടെ ധീരമായ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

​പ്രശസ്തമായ ’52 ഗജ് കാ ദമൻ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ പ്രഞ്ജൽ ദഹിയ സ്റ്റേജിൽ പാടിക്കൊണ്ടിരിക്കുമ്പോഴാണ് സദസിലിരുന്ന ഒരാൾ മോശമായി പെരുമാറിയത്. ഗാനം ആലപിക്കുന്നതിനിടെ ഇയാൾ അശ്ലീല പ്രദർശനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഗായിക ഉടൻ തന്നെ പാട്ട് നിർത്തി പ്രതികരിക്കുകയായിരുന്നു.
​”അമ്മാവാ, എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറാൻ പഠിക്കൂ,” എന്നായിരുന്നു പ്രഞ്ജലിന്റെ ശക്തമായ മറുപടി.

പ്രതികരണത്തിന് പിന്നാലെ സദസിലുണ്ടായിരുന്ന ചിലർ വേദിയിലേക്ക് കയറാൻ ശ്രമിച്ചത് നേരിയ സംഘർഷാവസ്ഥയുണ്ടാക്കി. എന്നാൽ ആരും വേദിയിലേക്ക് പ്രവേശിക്കരുതെന്ന് ഗായിക കർശനമായ മുന്നറിയിപ്പ് നൽകി. കുറ്റക്കാരനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.അപമര്യാദയായി പെരുമാറുന്നവർക്ക് നേരെ മൗനം പാലിക്കാതെ ഉറച്ച ശബ്ദത്തിൽ മറുപടി നൽകിയ ഗായികയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *