BREAKING NEWS


“എം.എൽ.എ ക്വാർട്ടേഴ്സിൽ ജനങ്ങൾക്ക് വരാൻ പ്രയാസമില്ല; ഓഫീസ് മാറ്റം പ്രശാന്തിന്റെ ഇഷ്ടം”: കെ. മുരളീധരൻ

By sanjaynambiar
k muralidharan

തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എ.എയുമായ കെ. മുരളീധരൻ. എം.എൽ.എ ഹോസ്റ്റലിൽ ഓഫീസ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് അസൗകര്യമാണെന്ന വാദത്തെ അദ്ദേഹം തള്ളി. എട്ടു വർഷം താൻ എം.എൽ.എ ആയിരുന്നപ്പോൾ ക്വാർട്ടേഴ്സിലെ മുറിയാണ് ഓഫീസായി ഉപയോഗിച്ചിരുന്നതെന്നും അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​ക്വാർട്ടേഴ്സിലെ ഓഫീസ് സൗകര്യം: നഗരത്തിന്റെ കേന്ദ്രഭാഗത്തായതിനാൽ എം.എ.എ ക്വാർട്ടേഴ്സിലേക്ക് വരാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവർ തന്നെ കാണാൻ അവിടെ വരുമായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിൽ തന്നെ രണ്ടാമതും വട്ടിയൂർക്കാവ് ജനം തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എം.എൽ.എ ക്വാർട്ടേഴ്സിലെ മുറികൾ എം.എൽ.എമാരുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഇക്കാര്യത്തിൽ സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മുൻ സ്പീക്കർമാർ ഇക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​കൗൺസിലർമാരുടെ അവസ്ഥ: ജനങ്ങൾ ആദ്യം സമീപിക്കുന്നത് കൗൺസിലർമാരെയാണ്. അവർക്ക് ഇരിക്കാൻ ഒരു മുറി അത്യാവശ്യമാണ്. കൗൺസിലർമാർ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം പരിഗണിക്കേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു.വ്യക്തിപരമായ അഭിപ്രായം: എം.എൽ.എ ക്വാർട്ടേഴ്സിൽ മുറികൾ ലഭ്യമായിരിക്കെ മറ്റൊരു ഓഫീസിന്റെ ആവശ്യമില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ നിലവിലെ മുറി ഒഴിയണോ വേണ്ടയോ എന്നത് വി.കെ. പ്രശാന്തിന്റെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​എം.എൽ.എയും കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള നേരിട്ടുള്ള തർക്കത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിലവിൽ കൗൺസിലർക്ക് ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ എം.എൽ.എയുടെ വാർഡ് ഓഫീസ് മാറ്റണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *