കൊച്ചി: കൊച്ചി തീരത്ത് നടന്ന എം.എൽ.സി എൽസ 3 കപ്പലപകടത്തിൽ നഷ്ടപരിഹാരമായി 1227.62 കോടി രൂപ ബാങ്ക് ഗാരന്റിയായി ഹൈക്കോടതിയിൽ കെട്ടിവെച്ച് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി (MSC). ഈ ബാങ്ക് ഗാരന്റിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കസ്റ്റഡിയിൽ വെച്ചിരുന്ന ‘എംഎസ് സി അകിറ്റേറ്റ-2’ എന്ന കപ്പൽ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം മെയ് 24-നാണ് എൽസ 3 കപ്പൽ കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ടത്. കപ്പലിൽ നിന്ന് എണ്ണ ചോരുകയും രാസവസ്തുക്കൾ കടലിൽ കലരുകയും ചെയ്തത് വലിയ പരിസ്ഥിതി ആഘാതത്തിന് കാരണമായിരുന്നു.
നഷ്ടപരിഹാരത്തുക: അപകടം മൂലം സമുദ്ര പരിസ്ഥിതിക്കും സാമ്പത്തിക മേഖലയ്ക്കും ഉണ്ടായ ആഘാതം കണക്കിലെടുത്ത് 9531 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
മറ്റൊരു കപ്പലിന്റെ അറസ്റ്റ്: നഷ്ടപരിഹാരത്തുക ഉറപ്പാക്കുന്നതിനായി സർക്കാർ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിനെ തുടർന്ന്, എം.എസ്.സി കമ്പനിയുടെ കേരള തീരത്തുണ്ടായിരുന്ന മറ്റൊരു കപ്പലായ ‘എംഎസ് സി അകിറ്റേറ്റ-2’ കോടതി ഉത്തരവ് പ്രകാരം പിടിച്ചിട്ടിരിക്കുകയായിരുന്നു.

കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ബാങ്ക് ഗാരന്റി തുക കേസിന്റെ വിധി അനുസരിച്ചായിരിക്കും വിനിയോഗിക്കുക. കേസ് സംസ്ഥാനത്തിന് അനുകൂലമായാൽ പലിശ സഹിതമുള്ള തുക കേരളത്തിന് ലഭിക്കും. കടൽ ശുചീകരണം, മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം, സമുദ്ര ജൈവവൈവിധ്യ പുനരുദ്ധാരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കാൻ സാധിക്കും.
