കൊച്ചി: ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന പ്രതിഛായ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ട്രെയ്ലർ ലോഞ്ചും കൊച്ചിയിൽ നടന്നു. കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചന ട്രെയ്ലർ നൽകുന്നുണ്ട്. ചിത്രം പ്രഖ്യാപിച്ച നാളുമുതൽ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട പ്രൊപ്പഗണ്ട സിനിമയാണെന്ന തരത്തിലുള്ള പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും അതിന് സംവിധായകൻ വേദിയിൽ തന്നെ മറുപടി നൽകി.

ചിത്രം നൂറ് ശതമാനം ഫിക്ഷനാണെന്നും യാതൊരു രാഷ്ട്രീയ പ്രൊപ്പഗണ്ടയുമല്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വലിയ മുതൽമുടക്കുള്ള ചിത്രമായതിനാൽ തന്നെ തന്റെ കരിയറിലെ നിർണായക പ്രോജക്റ്റാണിതെന്നും, ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രൊപ്പഗണ്ട സിനിമ എടുക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കണ്ടുവരുന്ന ചില വ്യക്തികളുടെയും സംഭവങ്ങളുടെയും ഛായ ചിത്രത്തിലുണ്ടാകാമെങ്കിലും കഥ മുഴുവനും സൃഷ്ടിപരമായതാണെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
നിവിൻ പോളിക്കൊപ്പം ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, ആൻ അഗസ്റ്റിൻ, നീതു കൃഷ്ണ, നിഷാന്ത് സാഗർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീ ഗോകുലം മൂവീസ് ഉൾപ്പെടെയുള്ള ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ് സി.എസ് എന്നിവരാണ് നിർവഹിക്കുന്നത്.
