BREAKING NEWS


ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്

By sanjaynambiar
sabarimala

കൊച്ചി: ശബരിമലയിൽ അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. കേസിൽ ശാന്തിമാരും മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പെടെ 33 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോർട്ട് വിജിലൻസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് കോടതി 45 ദിവസത്തെ സാവകാശവും അനുവദിച്ചു.

ക്രമക്കേടുകൾ ഒഴിവാക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌നോട് കോടതി നിർദേശം നൽകി. അഭിഷേകത്തിന് ശേഷമുള്ള നെയ്യ് പാക്കറ്റുകളാക്കി വിൽക്കുന്നതിനായി ബോർഡിന് കീഴിലുള്ള ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ വിൽപ്പനയിൽ നിന്നുള്ള മുഴുവൻ തുകയും ബോർഡ് അക്കൗണ്ടിൽ അടയ്ക്കാതെ സ്റ്റോക്കിൽ ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

ജനുവരി 15-നാണ് നെയ്യ് വിൽപ്പന ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. പ്രാഥമിക പരിശോധനയിൽ 36,24,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. 13,679 പാക്കറ്റ് നെയ്യ് വിറ്റതിന്റെ പണം ബോർഡിന്റെ അക്കൗണ്ടിൽ എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ ഇതിനകം സസ്പെൻഡ് ചെയ്തതായും ബോർഡ് കോടതിയെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *