തിരുവനന്തപുരം:മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) വേദിയിൽ നടനും സംവിധായകനുമായ രാജേഷ് മാധവൻ്റെ ആദ്യ ചിത്രം ‘പെണ്ണും പൊറാട്ടും’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നു. യാഥാസ്ഥിതികവും പിന്തിരിപ്പനുമായ സാമൂഹിക ചിന്താഗതികളിൽ നിന്ന് വേറിട്ടു നടക്കാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഈ ചിത്രം, ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ഓടിപ്പോകാൻ തക്ക വിശാലമാണ് ലോകം എന്ന ശക്തമായ സന്ദേശം നൽകുന്നു.
ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഗാലാ പ്രീമിയർ വിഭാഗത്തിൽ മികച്ച പ്രതികരണം നേടിയ ശേഷമാണ് ‘പെണ്ണും പൊറാട്ടും’ IFFK-യിലെത്തിയത്. പ്രദർശനത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു.

പട്ടട എന്ന ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ, സാധാരണക്കാരായ ഒരുകൂട്ടം ഗ്രാമീണരുടെ ജീവിതമാണ് സിനിമ അവതരിപ്പിക്കുന്നത്. സാമൂഹിക ആക്ഷേപഹാസ്യത്തിൻ്റെ (Social Satire) പുതുരൂപമായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തെയും അടയാളപ്പെടുത്തുന്നു.രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ തിരക്കഥ രവിശങ്കറാണ് ഒരുക്കിയിരിക്കുന്നത്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, കൂടാതെ ബാബുരാജിൻ്റെ വളർത്തുനായയായ സുട്ടു എന്നിവരാണ് കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന കഥാപാത്രങ്ങൾ.
IFFK-യുടെ ‘മലയാള സിനിമ ടുഡേ’ വിഭാഗത്തിൽ ചിത്രം ഡിസംബർ 16, 17 തീയതികളിൽ വീണ്ടും പ്രദർശിപ്പിക്കും
