ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ വലിയ വിജയമാക്കിയ എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും. കളങ്കാവൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്കുവെച്ച് മമ്മൂട്ടി, തന്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചുകൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു.

ചിത്രത്തിനും തന്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്‌ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം *’കുറുപ്പ്’*ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് കളങ്കാവൽ.
നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ചിത്രത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക നിരൂപക പ്രശംസയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം, മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാവില്ല എന്ന് അവർ അടിവരയിട്ട് പറയുന്നു. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ചവെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസർ ആയി വിനായകനും നൽകിയത്.
അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ശരീര ഭാഷയും സംസാര രീതിയുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. പ്രേക്ഷകർ ഇന്നേവരെ കാണാത്ത മമ്മൂട്ടിയെയാണ് സംവിധായകൻ ജിതിൻ ഇതിലൂടെ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവുംകൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക് ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.
കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ ജന തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം രൂപയാണ്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രം കേരളത്തിലെ 260 സ്ക്രീനുകളിൽ നിന്ന് 365 സ്ക്രീനുകളിലേക്ക് വർദ്ധിപ്പിച്ചിരുന്നു. വീഡിയോ പങ്കുവെച്ച് മമ്മൂട്ടിയും വിനായകനും.
