കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി-ആഗ്ര യമുന എക്‌സ്‌പ്രസ് വേയിൽ മഥുരക്ക് സമീപം ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയടിച്ചത്. ബസുകൾക്ക് തീപിടിച്ചതോടെ അപകടത്തിന്റെ തീവ്രത വർധിച്ചു. കാഴ്ചക്കുറവാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണം.അപകടത്തെ തുടർന്ന് എക്‌സ്‌പ്രസ് വേയിൽ ഒരു വശത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് യുപി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസവും ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ സമാനമായ അപകടം നടന്നിരുന്നു. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെ കനത്ത മൂടൽമഞ്ഞിൽ ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ മരിക്കുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് ശക്തമായതോടെ സമാനമായ അപകടങ്ങൾ വർധിക്കുകയാണ്.
