BREAKING NEWS


മുന്നണി മാറ്റം വെറും അഭ്യൂഹം; ഇടതുപക്ഷത്തിനൊപ്പം തന്നെയെന്ന് ജോസ് കെ. മാണി

By sanjaynambiar
jose k mani

കോഴിക്കോട്: കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നു എന്ന വാർത്തകൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. നിലവിൽ പുറത്തുവരുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി ഫേസ്ബുക്കിലൂടെ അറിയിച്ചു.

​ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.​”പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്” എന്നായിരുന്നു ആദ്യത്തെ കുറിപ്പ്.എന്നാൽ അൽപ്പസമയത്തിനകം ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയും “ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്” എന്ന് കൂട്ടിചേർക്കുകയും ചെയ്തു. മുന്നണി ബന്ധത്തിന്റെ കാര്യത്തിൽ സംശയങ്ങൾക്കിട നൽകാതിരിക്കാനാണ് ഈ തിരുത്തലെന്നാണ് വിലയിരുത്തൽ.

​തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിൽ ജോസ് കെ. മാണി പങ്കെടുക്കാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഒഴിവാക്കാനാവാത്ത സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്തായതിനാലാണ് പങ്കെടുക്കാത്തതെന്നും ഇക്കാര്യം മുന്നണി നേതാക്കളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​ജോസ് കെ. മാണി സത്യഗ്രഹത്തിൽ നിന്ന് വിട്ടുനിന്നതിന് പിന്നാലെ പാർട്ടിയിൽ ഭിന്നതയുണ്ടെന്നും യുഡിഎഫിലേക്ക് മടങ്ങാൻ നീക്കമുണ്ടെന്നും വാർത്തകൾ പരന്നിരുന്നു. ഇതിനിടെ മന്ത്രി റോഷി അഗസ്റ്റിൻ സത്യഗ്രഹ വേദിയിൽ നിന്നുള്ള ചിത്രം ‘തുടരും’ എന്ന കുറിപ്പോടെ പങ്കുവെച്ചത് പാർട്ടി പിളരുന്നു എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾക്കും ഇടയാക്കി. എന്നാൽ പാർട്ടിയുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്താൻ ഇത്തരം പ്രചരണങ്ങൾ മാത്രമേ ഉതകൂ എന്ന് ജോസ് കെ. മാണി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *