പാലക്കാട്: കഞ്ചിക്കോട് അഞ്ചു വയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ച സംഭവത്തിൽ വളർത്തമ്മ നൂർ നാസറിനെ (റൂബി-35) വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിനിയായ ഇവർ കഞ്ചിക്കോട് കിഴക്കേമുറിയിലാണ് താമസിക്കുന്നത്.

ഡിസംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്നലെ അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. വളർത്തമ്മ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും കുട്ടി അധ്യാപികയോട് വെളിപ്പെടുത്തി.
അങ്കണവാടി അധ്യാപിക നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഇംത്യാസിന്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ജുവനൈൽ ജസ്റ്റിസ് ആക്ട് (JJ Act) പ്രകാരം കേസെടുത്ത വാളയാർ പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇത്തരം അതിക്രമങ്ങൾ കുട്ടികളുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും ചികിത്സയും ഉറപ്പാക്കി വരികയാണ്.
