തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിലേക്ക്. തിരുവനന്തപുരം ലോക്ഭവനിൽ നടന്ന കെപിസിസിയുടെ രാപ്പകൽ സമരവേദിയിലെത്തിയ അവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അയിഷ പോറ്റി എത്തിയേക്കുമെന്നാണ് സൂചന.
”പ്രസ്ഥാനം എന്നെ ഒരുപാട് വിഷമിപ്പിച്ചു”

സിപിഎം വിടാനുണ്ടായ കാരണം സമരവേദിയിൽ അയിഷ പോറ്റി തുറന്നുപറഞ്ഞു. “എന്റെ പ്രസ്ഥാനം എന്നെ ഒരുപാട് വിഷമിപ്പിച്ചു. 25 വർഷം കൂടെ നിന്ന പ്രസ്ഥാനത്തെ വഞ്ചിച്ചുവോ എന്ന് പലരും ചിന്തിക്കാം. വരും ദിവസങ്ങളിൽ സഖാക്കളിൽ നിന്ന് കടുത്ത വിമർശനവും ദേഷ്യവും ഉണ്ടായേക്കാം, അതെല്ലാം നേരിടാൻ ഞാൻ തയ്യാറാണ്,” അവർ പറഞ്ഞു. താൻ അധികാരമോഹിയല്ലെന്നും എന്നും മനുഷ്യർക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പിള്ളയെ വീഴ്ത്തിയ ‘കൊട്ടാരക്കരയുടെ വിപ്ലവനായിക’
കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ അട്ടിമറി നടത്തിയ നേതാവാണ് അയിഷ പോറ്റി.
ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് അവർ ആദ്യമായി നിയമസഭയിലെത്തിയത്.
തുടർച്ചയായി മൂന്ന് തവണ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെയാണ് നേതൃത്വവുമായി അകന്നത്. കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അവർ വിട്ടുനിൽക്കുകയായിരുന്നു.
അയിഷ പോറ്റിയെ മാലയിട്ടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. അവരുടെ വരവ് കൊല്ലം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എംഎൽഎ ആയിരുന്നിട്ടും തനിക്ക് മറ്റ് ജോലികളൊന്നുമില്ലായിരുന്നുവെന്നും സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
