തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെ വിട്ടുകിട്ടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡി അപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. നിലവിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലുള്ള രാഹുലിനെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കസ്റ്റഡി അപേക്ഷയ്ക്കൊപ്പം തന്നെ ജാമ്യാപേക്ഷയും പരിഗണിക്കണമെന്ന് പ്രതിഭാഗം ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ ജാമ്യത്തിനായുള്ള രാഹുലിന്റെ കാത്തിരിപ്പ് നീളുകയാണ്.
പ്രതിയുമായി വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തണമെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടേണ്ടത് അനിവാര്യമാണെന്നും പോലീസ് വാദിച്ചു. വാദം കേട്ട കോടതി, നടപടിക്രമങ്ങളുടെ ഭാഗമായി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം, കേസിലെ അതിജീവിതയുടെ രഹസ്യമൊഴിയും കോടതി ഇന്ന് രേഖപ്പെടുത്തും. എംഎൽഎയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി കസ്റ്റഡിയിൽ വിടുമോ അതോ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.
